ലഖ്നൗ: ഇന്ത്യൻ കരസേനയിലെ ബ്രിഗേഡിയറാണെന്ന് നടിച്ച് സഞ്ചരിച്ച 21കാരനെ ഉത്തർപ്രദേശിലെ ഷാജഹാൻപൂർ കന്റോൺമെന്റ് മേഖലയിൽ സൈന്യം പിടികൂടി. ആര്യൻ വർമ എന്ന യുവാവാണ് വ്യാജ സൈനിക ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയതെന്നാരോപിച്ച് അറസ്റ്റിലായത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബ്രിഗേഡിയറുടെ യൂണിഫോം ധരിച്ച് സൈനിക ചിഹ്നങ്ങൾ പതിച്ച എസ്യുവിയിൽ സഞ്ചരിച്ചിരുന്ന ഇയാൾ, കൂടെയുണ്ടായിരുന്ന രണ്ടുപേരെ എൻഎസ്ജി കമാൻഡോകളായി പരിചയപ്പെടുത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംശയം തോന്നിയ മുൻ സൈനികരാണ് വിവരം സൈനിക അധികൃതരെ അറിയിച്ചത്.
തുടർന്ന് സൈന്യം ആസൂത്രണം ചെയ്ത പ്രത്യേക നീക്കത്തിനൊടുവിലാണ് യുവാവ് കുടുങ്ങിയത്. സൈനിക സേവനം ലക്ഷ്യമിടുന്ന വിദ്യാർഥികളുമായി സംവദിക്കാൻ ഷാജഹാൻപൂർ കന്റോൺമെന്റിലെ ഷഹീദ് മ്യൂസിയത്തിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് ബ്രിഗേഡിയറുടെ വേഷത്തിൽ എത്തിയ ഇയാളെ സൈനിക ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
പരിശോധനയിൽ വ്യാജ സൈനിക തിരിച്ചറിയൽ കാർഡ്, സൈനിക ചിഹ്നങ്ങൾ, എയർ പിസ്റ്റൾ, മറ്റ് വ്യാജ രേഖകൾ എന്നിവ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ സൈനിക ഇന്റലിജൻസും പോലീസും സംയുക്തമായി അന്വേഷണം നടത്തുകയാണ്. ഇയാൾക്ക് ഈ സാമഗ്രികൾ ലഭിച്ചത് എങ്ങനെയെന്നും മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.



