തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായിരുന്ന സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദവും ശക്തമായ വിമർശനങ്ങളും ഉയർന്നതിനെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. രാജിക്കത്ത് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി.കണ്ണൂർ ഡിസിസി സെക്രട്ടറിയും കൂടിയായ ബെന്നി തോമസിനെ മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷത്തുനിന്നും സാമൂഹിക മാധ്യമങ്ങളിലുമടക്കം വിമർശനം ഉയർന്നിരുന്നു. ബന്ധു നിയമനമാണെന്ന ആരോപണം ശക്തമായതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി.
വിവാദം രൂക്ഷമായ സാഹചര്യത്തിലാണ് ബെന്നി തോമസ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. രാജി അടിയന്തരമായി സ്വീകരിക്കണമെന്ന അഭ്യർഥനയും അദ്ദേഹം നൽകിയതായി റിപ്പോർട്ടുകളുണ്ട്.ഈ വിഷയത്തിൽ മന്ത്രിക്കെതിരെ പാർട്ടിക്കകത്തും പുറത്തും വിമർശനങ്ങൾ ഉയർന്നിരുന്നു.



