മലപ്പുറം: ജില്ലയിൽ ലഹരിവ്യാപനത്തിനും ഉപയോഗത്തിനുമെതിരെ പൊലീസ് ശക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ തുടരുന്നതിനിടെ ഒരാഴ്ചയ്ക്കിടെ 139 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 165 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനകളുടെയും പ്രത്യേക റെയ്ഡുകളുടെയും ഭാഗമായി എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ തടയുക, യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ തൂഫാൻ ശക്തമാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സ്കൂളുകൾ, കോളേജുകൾ, പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണവും പരിശോധനയും കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ലഹരി വിൽപ്പനയെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.ജില്ലയിൽ ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും മലപ്പുറം ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു.



