തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എന്‍. പ്രശാന്തിന്റെയും സസ്പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ ഉത്തരവിറങ്ങിയതോടെയാണ് ഇരുവരും വീണ്ടും സര്‍വീസിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.മുൻ സര്‍ക്കാരിന്റെ കാലത്ത് എടുത്ത സസ്പെന്‍ഷന്‍ നടപടി ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പുതിയ സര്‍ക്കാരിന്റെ തീരുമാനം ആ നടപടിയുടെ പുനഃപരിശോധനയായാണ് വിലയിരുത്തപ്പെടുന്നത്. ഭരണപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യം, അച്ചടക്കനടപടികളുടെ ന്യായത, സര്‍ക്കാര്‍-ഉദ്യോഗസ്ഥ ബന്ധം തുടങ്ങിയ വിഷയങ്ങളും ഇതോടെ വീണ്ടും ചര്‍ച്ചയിലായി.
ഇരുവരുടെയും തിരിച്ചുവരവ് ഭരണസേവന രംഗത്ത് ശ്രദ്ധേയ സംഭവവികാസമായാണ് കണക്കാക്കപ്പെടുന്നത്. സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടി ഒരു വിഭാഗം സ്വാഗതം ചെയ്യുമ്പോള്‍, മുന്‍ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന നീക്കമാണിതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.അതേസമയം, ഈ തീരുമാനം കേരളത്തിലെ ഭരണസംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കും ഉത്തരവാദിത്വവും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുതിയ ദിശ നല്‍കുമെന്നാണ് വിലയിരുത്തല്‍.



