HomeINDIAവാണിജ്യ എൽപിജി ക്ഷാമം: രാജ്യത്തെ റെസ്റ്റോറന്റുകൾ പ്രതിസന്ധിയിൽ, കേന്ദ്രം അടിയന്തര നടപടി തുടങ്ങി

വാണിജ്യ എൽപിജി ക്ഷാമം: രാജ്യത്തെ റെസ്റ്റോറന്റുകൾ പ്രതിസന്ധിയിൽ, കേന്ദ്രം അടിയന്തര നടപടി തുടങ്ങി

 

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പാചകവാതക (എൽപിജി) സിലിണ്ടറുകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്തു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിലായതായി ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. എന്നാൽ രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും പെട്രോൾ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വാണിജ്യ എൽപിജി വിതരണത്തിൽ തടസ്സം തുടർന്നാൽ നിരവധി റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ബംഗളൂരു ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചതനുസരിച്ച് ബുധനാഴ്ച മുതൽ നഗരത്തിലെ ചില റെസ്റ്റോറന്റുകൾക്ക് പ്രവർത്തനം തുടരാൻ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.
ഇതിനിടെ ഇറാനെതിരായ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കങ്ങളെ തുടർന്ന് ഇറക്കുമതിയിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകളുടെ വിതരണത്തിന് മുൻഗണന നൽകാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണ വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി റീഫിൽ സിലിണ്ടറുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസത്തിൽ നിന്ന് 25 ദിവസമായി വർധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 50 ശതമാനത്തിലധികവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ഇതിൽ ഏകദേശം 80 ശതമാനം സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഗൾഫ് മേഖലയിലെ വിതരണത്തെ ബാധിക്കാമെന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ, നോർവേ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാധ്യതകളും കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments