ദോഹ: ആതിഥേയ രാജ്യത്തോടുള്ള സ്നേഹവും സാമൂഹിക പ്രതിബദ്ധതയും ഒരുമിച്ച് പ്രകടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ പ്രൊവിൻസ് സംഘടിപ്പിച്ച രണ്ടാം കേരള യൂണിറ്റി ബ്ലഡ് ഡ്രൈവ് ശ്രദ്ധേയമായി.
ജൂൺ 12 വെള്ളിയാഴ്ച ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന പരിപാടി വിവിധ സംഘടനകളുടെയും നൂറുകണക്കിന് രക്തദാതാക്കളുടെയും പങ്കാളിത്തത്താൽ ശ്രദ്ധ നേടി.
“Many Hearts, One Mission” എന്ന സന്ദേശവുമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ബി ഡി കെ കേരള, ഖത്തർ(Blood Donors Kerala Qatar), കേരളത്തിലെ 14 ജില്ലകളിലെ അസോസിയേഷനുകൾ, ആരോഗ്യ-മാധ്യമ പങ്കാളികൾ എന്നിവരും കൈകോർത്തു.
സമൂഹത്തിന്റെ വിവിധ മേഖലകളെ ഒരേ ലക്ഷ്യത്തിനായി ഒന്നിപ്പിച്ച ഈ സംരംഭം മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സേവന മനോഭാവത്തിന്റെയും ഉദാഹരണമായി മാറി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പ് സന്ദർശിച്ച് ദാതാക്കളുമായി സംവദിച്ച അദ്ദേഹം, ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് പറഞ്ഞു. രക്തദാനവും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ക്യാമ്പുകളും തുടർച്ചയായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിലെ ആരോഗ്യരംഗത്തിന്റെ മികവും ഇന്ത്യ-ഖത്തർ സൗഹൃദ ബന്ധവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
WMC ഖത്തർ ജനറൽ സെക്രട്ടറി റെൻജിത് ചാലിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സിയാദ് ഉസ്മാൻ അധ്യക്ഷനായ ചടങ്ങിൽ, ആതിഥേയ രാജ്യത്തിന് പിന്തുണ നൽകുന്നതിനൊപ്പം വിവിധ സംഘടനകളെ ഒരു വേദിയിൽ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യമാണ് പരിപാടിക്കു പിന്നിലെന്നും ഭാവിയിലും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി.
ICC പ്രസിഡന്റ് എ.പി. മണികണ്ഠൻ, ISC വൈസ് പ്രസിഡന്റ് സിതേന്ദ്രു പാൽ എന്നിവർ ആശംസകൾ നേർന്നു. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ട്രഷറർ ജിജി ജോൺ നന്ദി രേഖപ്പെടുത്തി. സുബിന വിജയ് പരിപാടി നിയന്ത്രിച്ചു.



