ദോഹ: ഇൻകാസ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഐസിസി അശോകാ ഹാളിൽ സംഘടിപ്പിച്ച നടൻ സലീംകുമാറിനെ അനുസ്മരിക്കുന്ന സമ്മേളനം ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളും കമ്മ്യൂണിറ്റി നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന്റെ കലാജീവിതത്തെയും സാമൂഹിക ഇടപെടലുകളെയും അനുസ്മരിച്ചു.ഐ സി സി അശോക ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിൽ
സലീം കുമാറിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധിഖ് പുറായിൽ നിർവഹിച്ചു.
തന്റെ പ്രസംഗത്തിൽ സലീംകുമാർ മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. ഹാസ്യനടനെന്ന നിലയിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ അദ്ദേഹം പിന്നീട് ശക്തമായ സ്വഭാവനടനായും ദേശീയ പുരസ്കാര ജേതാവായും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണെന്ന് സിദ്ധിഖ് പുറായിൽ പറഞ്ഞു.
സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളും വികാരങ്ങളും അതീവ സ്വാഭാവികമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് മലയാള ചലച്ചിത്രലോകത്തിന് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി കെ വി ബോബൻ സ്വാഗതം ആശംസിച്ചു. സലീംകുമാറിന്റെ കലാപാരമ്പര്യം പുതിയ തലമുറയ്ക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ അഭിനയ മുഹൂർത്തങ്ങളും , കഥാപാത്രങ്ങളും , സാമൂഹ്യ വീക്ഷണങ്ങളും , മലയാളികളുടെ ഓർമ്മകളിൽ എന്നും നിലനിൽക്കുമെന്നും ,വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ പങ്കെടുത്ത സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കളും കമ്മ്യൂണിറ്റി പ്രവർത്തകരും സലീംകുമാറിന്റെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയ മുഹൂർത്തങ്ങളും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അനുസ്മരിച്ചു. കലാകാരന്റെ സംഭാവനകളെ ആദരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ വീഡിയൊ പ്രദർശനവുമുണ്ടായിരുന്നു.പങ്കെടുത്തവർക്കെല്ലാം ശ്രദ്ധേയ അനുഭവമായി.
ഇൻകാസ് ഖത്തർ ട്രഷറർ ജീസ് ജോസഫ് എല്ലാവർക്കും നന്ദി പറഞ്ഞു



