HomeINDIAനിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം നാല് മണിക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം നാല് മണിക്ക്

 

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് (മാർച്ച് 15) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക.

കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മെയ്, ജൂൺ മാസങ്ങളിൽ വിവിധ തീയതികളിലായി അവസാനിക്കാനിരിക്കുകയാണ്. അസം നിയമസഭയുടെ കാലാവധി മെയ് 20ന് അവസാനിക്കും. കേരള നിയമസഭയുടെ കാലാവധി മെയ് 23നും തമിഴ്‌നാട് നിയമസഭയുടെ കാലാവധി മെയ് 10നും പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7നും അവസാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. വിഷു ഉൾപ്പെടെയുള്ള ഉത്സവങ്ങളും മറ്റ് സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ തയ്യാറാക്കുന്നതെന്ന് സൂചനയുണ്ട്.

കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളുടെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ പശ്ചിമ ബംഗാൾ സന്ദർശിച്ചിരുന്നു. തുടർന്ന് മാർച്ച് 10ന് അവർ ഡൽഹിയിലേക്ക് മടങ്ങി. കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം അവലോകനം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments