തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) നിർമ്മിച്ച പുതിയ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ആദരിക്കും. ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരത്തിനാണ് കെ.സി.എയുടെ സ്നേഹാദരം നൽകുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും ആദരവിന്റെ ചടങ്ങ് നടക്കുക.
ഉദ്ഘാടനച്ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ–സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
പത്തേക്കർ ഭൂമിയിൽ ഏകദേശം 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, ആധുനിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ച അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.
കേരളത്തിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ചുവടുവെപ്പായാണ് മംഗലപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വിലയിരുത്തപ്പെടുന്നത്



