HomeKERALA36 വർഷത്തെ കാരുണ്യസേവനം; നൂറുകണക്കിന് പേർക്കു ഇഫ്താറും അത്താഴവും നൽകി കണ്ണൂരിലെ തെക്ക്യാവ് കമ്മിറ്റി

36 വർഷത്തെ കാരുണ്യസേവനം; നൂറുകണക്കിന് പേർക്കു ഇഫ്താറും അത്താഴവും നൽകി കണ്ണൂരിലെ തെക്ക്യാവ് കമ്മിറ്റി

കണ്ണൂർ:
റമദാൻ മാസത്തിൽ ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകൾക്ക് നോമ്പുതുറക്കും അത്താഴത്തിനും സമൃദ്ധമായ ഭക്ഷണം നൽകി മാതൃകയാകുകയാണ് കണ്ണൂർ സിറ്റിയിലെ സിറ്റി ജുമാമസ്‌ജിദിന് മുന്നിലുള്ള തെക്ക്യാവ് അത്താഴ കമ്മിറ്റി. ദാരിദ്ര്യവും പട്ടിണിയും നിലനിന്നിരുന്ന കാലത്ത് ഒരു കൂട്ടം സുമനസ്സുകൾ ചേർന്നാണ് ഈ കാരുണ്യപ്രവർത്തനത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 36 വർഷമായി ഒരു ഇടവേള പോലും കൂടാതെ സേവനം തുടരുകയാണ് കമ്മിറ്റി.

മതപ്രഭാഷണത്തിന് എത്തുന്ന പണ്ഡിതർ, ദൂരദേശങ്ങളിൽ നിന്നെത്തുന്ന യാത്രികർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് പുലർച്ചെ ഭക്ഷണം ലഭിക്കാത്ത സാഹചര്യം കണ്ടാണ് അത്താഴ വിതരണം ആരംഭിച്ചത്. പിന്നീട് പ്രവാസികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ പ്രവർത്തനം വ്യാപകമായി. ഇന്ന് ഏകദേശം നാനൂറോളം പേർക്ക് ഇഫ്താറും മുന്നൂറോളം പേർക്ക് അത്താഴവും നൽകുന്ന വലിയ സംവിധാനമായി ഇത് വളർന്നു.

ഇഫ്താറിന് നെയ്ച്ചോർ, കോഴിയിറച്ചി, ബീഫ് ബിരിയാണി, മന്തി, പൊറോട്ട, വെള്ളയപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങളും അത്താഴത്തിന് ചോറ്, മീൻ, അരിപ്പത്തൽ തുടങ്ങിയ ഭക്ഷണങ്ങളും ഒരുക്കുന്നു. ടോക്കൺ അടിസ്ഥാനത്തിലാണ് വിതരണം നടക്കുന്നത്. എന്നാൽ ടോക്കൺ ഇല്ലാത്തതിനാൽ ആരും വിശന്നുകൊണ്ട് മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ആവശ്യമായാൽ ഉടൻ ഭക്ഷണം പാകം ചെയ്ത് നൽകുന്ന സംവിധാനവുമുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

ജാതിമത ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ സംരംഭം മനുഷ്യസ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശമാണ് നൽകുന്നതെന്ന് കണ്ണൂർ കോർപറേഷൻ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. ചെറിയ രീതിയിൽ ആരംഭിച്ച ഈ പ്രവർത്തനം ഇന്ന് പ്രദേശത്തെ മുഴുവൻ സമൂഹത്തെയും കൂട്ടിയിണക്കുന്ന വലിയൊരു കാരുണ്യ കൂട്ടായ്മയായി മാറിയിരിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments