ഫിഫ ലോകകപ്പ് 2026 ആരാധകർക്ക് മറക്കാനാകാത്ത ഒരു ഫുട്ബോൾ ദിനം സമ്മാനിക്കാൻ ഒരുങ്ങുന്നു.
ലോക ഫുട്ബോളിലെ ഏറ്റവും വലിയ നാല് സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനൊ റൊണാൾഡൊ, കിലിയാൻ എംബാപ്പെ, എളിംഗ് ഹാലണ്ട്, എന്നിവർ ഒരേ ദിവസം ലോകകപ്പ് വേദിയിൽ ഇറങ്ങുന്നതാണ് ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തുന്നത്.
നാളെ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിലാണ് നാല് താരങ്ങളും തങ്ങളുടെ ദേശീയ ടീമുകൾക്കായി കളത്തിലിറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ താരസാന്നിധ്യമുള്ള ദിനങ്ങളിലൊന്നായി ഈ ദിവസം മാറുമെന്നാണ് കായികലോകത്തിന്റെ വിലയിരുത്തൽ. വിവിധ സമയങ്ങളിലായി നടക്കുന്ന മത്സരങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകർക്ക് മണിക്കൂറുകളോളം ആവേശം പകരുന്ന ഫുട്ബോൾ വിരുന്നാണ് കാത്തിരിക്കുന്നത്.
അർജന്റീനയുടെ പ്രതീക്ഷകളുമായി മെസ്സി വീണ്ടും കളത്തിലിറങ്ങുമ്പോൾ, റെക്കോർഡുകളുടെ രാജാവായ റൊണാൾഡോ പോർച്ചുഗലിനെ മുന്നോട്ട് നയിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ ആക്രമണ താരങ്ങളിൽ ഒരാളായ എംബാപ്പെ ഫ്രാൻസിനായി ഗോൾവേട്ട തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം, അസാമാന്യ ഗോൾശേഷിയുമായി ഹാലൻഡിന്റെ ലോകകപ്പ് പ്രകടനവും ശ്രദ്ധാകേന്ദ്രമാകും.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരങ്ങൾ മുന്നിലിരിക്കെ ഈ താരങ്ങളുടെ പ്രകടനം ടീമുകളുടെ മുന്നേറ്റ സാധ്യതകളെയും സ്വാധീനിക്കും. അതുകൊണ്ടുതന്നെ ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമായി നാളത്തെ മത്സരങ്ങൾ മാറിയിരിക്കുകയാണ്.
ടെലിവിഷൻ റേറ്റിംഗുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പ്രേക്ഷകരുടെ എണ്ണത്തിലും റെക്കോർഡുകൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ദിനമെന്ന നിലയിലും ഈ മത്സരങ്ങൾ ശ്രദ്ധേയമാണ്.
ലോക ഫുട്ബോളിന്റെ ഇന്നലെയും ഇന്നും നാളെയും പ്രതിനിധീകരിക്കുന്ന നാല് സൂപ്പർ താരങ്ങൾ ഒരേ ദിവസം ലോകകപ്പ് വേദിയിൽ അണിനിരക്കുമ്പോൾ, ആരാധകർക്ക് അത് ഒരു യഥാർത്ഥ “ഫുട്ബോൾ ഉത്സവം” തന്നെയായിരിക്കും



